സമകാലിക ബോധത്തിന്റെ കവിതാഭാഷ
രചന : അനസ്ബി

മലയാള സാഹിത്യത്തിലെ ആധുനികതയുടെ ശക്തമായ ശബ്ദങ്ങളിലൊന്നാണ് പ്രൊഫ. സച്ചിദാനന്ദൻ മാഷ്.
കവി, വിമർശകൻ, സാംസ്കാരിക പ്രവർത്തകൻ, വിവർത്തകൻ എന്നീ നിലകളിൽ മലയാള സാഹിത്യത്തിനും ഇന്ത്യൻ സാംസ്കാരിക രംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ നിരവധിയാണ്.
ജനകീയ സാംസ്കാരിക പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യത്തിലൂടെയും ഇടപെടലുകളിലൂടെയും അദ്ദേഹം കാലത്തിന്റെ ചോദ്യങ്ങളോട് പ്രതികരിച്ച എഴുത്തുകാരനായി ഇന്നും നിലകൊള്ളുന്നു.
25 വര്‍ഷത്തെ കോളേജദ്ധ്യാപനത്തിനുശേഷം
കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറി എന്ന നിലയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം, അക്കാദമിയുടെ പ്രസിദ്ധീകരണമായ Indian Literature എന്ന ജേർണലിന്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ ഭാഷകളുടെ സാഹിത്യ സംവാദങ്ങളെ ദേശീയ,അന്തർദേശീയ തലങ്ങളിൽ ബന്ധിപ്പിക്കുന്നതിൽ ഈ പദവികൾ നിർണായകമായ പങ്ക് വഹിച്ചു.
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾക്ക് അംഗീകാരമായി 2010-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം അദ്ദേഹത്തിന് ലഭിച്ചു.
കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ്, കുമാരനാശാൻ പുരസ്കാരം, ഒടക്കുഴൽ പുരസ്കാരം, പത്മപ്രഭാ പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങളും ദേശീയ അന്തർദേശീയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കവിത, നാടകം, ലേഖനം, യാത്രാവിവരണം, വിവർത്തനം എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന സാഹിത്യശാഖകളിലായി വ്യാപിച്ചു കിടക്കുകയാണ് സച്ചിദാനന്ദൻ മാഷിൻ്റെ സാഹിത്യജീവിതം.
മലയാള കവിതയുടെ ഭാഷയും ബോധവും പുതുക്കിയ ഈ രചനകൾ ആധുനിക സാഹിത്യത്തിന്റെ പ്രധാന രേഖകളായി പരിഗണിക്കപ്പെടുന്നു.
അംഗീകാരങ്ങളാലും പദവികളാലും മാത്രം അളക്കാനാവുന്ന സൃഷ്ടിപാരമ്പര്യമല്ല മാഷിൻ്റേത്.
സാഹിത്യത്തെ മനുഷ്യസേവനത്തോടും സാമൂഹിക ഉത്തരവാദിത്തത്തോടും ചേർത്തുനിർത്തിയ ഈ എഴുത്തുകാരൻ, സമകാലിക മലയാള സാഹിത്യത്തിന്റെ ധാർമ്മിക ബോധമായി എന്നും നില നിലനിൽക്കും.
അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ ഇന്ത്യന്‍ ഭാഷകള്‍ കൂടാതെ ഇംഗ്ലിഷ്, ഐറിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, അറബിക് ഭാഷകളിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
സാമൂഹിക നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും സാംസ്കാരിക ബോധത്തിന്റെയും കവിതാഭാഷയായിത്തീർന്ന അദ്ദേഹത്തിന്റെ സൃഷ്ടികൾ ഭാഷയ്ക്കതീതമായി മനുഷ്യരുടെ സാമൂഹ്യചേതനയിൽ സ്വാധീനം ചെലുത്തുന്നു എന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം.
സച്ചിദാനന്ദൻ മാഷിൻ്റെ കവിതകൾ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നുയർന്നു മനുഷ്യസമൂഹത്തിന്റെ സാർവദേശീയ വേദനകളിലേക്കും പ്രതീക്ഷകളിലേക്കും
കടന്നുയറുന്നതു തന്നെ;
സൗന്ദര്യബോധവും രാഷ്ട്രീയ ബോധവും ഒരേ സമയം ചേരുന്ന ഈ കവിതാഭാഷയിൽ മനുഷ്യൻ, ജീവിതം, സ്മൃതി, മരണം, വിശ്വാസം എന്നിവയ്ക്ക് പുതിയ അർത്ഥമാർജ്ജിക്കുന്നു എന്നും പറയാം.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രചനകൾ കാലാതീതമായി വായനക്കാരനെ അഭിസംബോധന ചെയ്യുകയാണ്.
വാക്കുകളുടെ വെറും പ്രകടനങ്ങളല്ല
അദ്ദേഹത്തിൻ്റെ കവിതകൾ ;
അത് ഹൃദയത്തിന്റെ സത്യസന്ധമായ സ്പന്ദനങ്ങളാണ് .
നാം ഓരോരുത്തർക്കും നഷ്ടപ്പെട്ടതും മറന്നതുമായ സ്നേഹത്തിന്റെ ഗന്ധം തിരികെ നൽകുന്ന ഈ സൃഷ്ടികൾ ജീവിതത്തിന്റെ നിസ്സാരതകളിൽ പോലും ഒളിഞ്ഞിരിക്കുന്ന മഹത്വം ഓർമ്മിപ്പിക്കുന്നു. .
കാലത്തോടും സമൂഹത്തോടും സത്യസന്ധമായി സംവദിക്കുന്ന എഴുത്തിന്റെ ദീർഘയാത്രയാണ് പ്രൊഫ. സച്ചിദാനന്ദൻ മാഷിൻ്റെ സാഹിത്യജീവിതം എന്ന് ചുരുക്കി പറയാം.
ഇന്ന് കേരള സാഹിത്യഅക്കാദമി അദ്ധ്യക്ഷനായി തുടരുകയാണ് സച്ചിദാനന്ദൻ മാഷ്.
അംഗീകാരങ്ങൾക്കും പദവികൾക്കും ബഹുമതികൾക്കും മേലെ മനുഷ്യകേന്ദ്രമായ ചിന്തയും സാംസ്കാരിക ഉത്തരവാദിത്തവും ചേർന്ന ഒരു ബൗദ്ധിക നിലപാടും മാനുഷിക സഹവർത്തിത്വവും എളിമയുമാണ് അദ്ദേഹത്തിന്റെ യഥാർത്ഥ അടയാളം.
മലയാള സാഹിത്യത്തെ ദേശീയ അന്തർദേശീയ സംവാദങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട്, കവിതയെയും വിമർശനത്തെയും സാമൂഹിക ബോധത്തിന്റെ ഉപകരണങ്ങളാക്കിയ ഈ സാഹിത്യപ്രവർത്തനം, കാലാതീതമായ മൂല്യങ്ങൾ കൈമാറുന്ന ഒരു പാതയായി തുടരട്ടെ!
പ്രൊഫ. സച്ചിദാനന്ദൻ മാഷിൻ്റെ രചനകളും സാംസ്കാരിക ഇടപെടലുകളും ഭാവിതലമുറയുടെ മസ്തിഷ്കത്തിൽ ചിന്തയുടെ വെളിച്ചവും ധൈര്യവും നൽകി നന്മയുടെ വഴികളിൽ വിളക്കാവാൻ പ്രചോദനമാവട്ടെ !
ആശംസകളോടെ പ്രാർത്ഥനകളോടെ
അനസ്ബി
